ഗാന്ധിജി എന്നത് ഓരോ ഭാരതീയനും കേവലം ഒരു പേരല്ല. അതൊരു വികാരമാണ്. ആ മനുഷ്യൻ ഒരു പ്രസ്ഥാനമായിരുന്നു, പ്രത്യയാസ്ത്രമായിരുന്നു, അക്കാലത്തെ മനുഷ്യർക്ക്, പ്രതീക്ഷയായിരുന്നു.
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ ആയുധമെടുക്കാതെ അഹിംസയും നിസ്സഹകരണവും മാത്രം കൈമുതലാക്കി പരാജയപ്പെടുത്തിയ മഹാൻ. ക്വിറ്റ് ഇന്ത്യാ പോലെ ഒരു സമരത്തെ രാജ്യത്തിനകത്തുള്ള ചില കുബുദ്ധികൾ പോലും ഒറ്റുകൊടുത്തിട്ടും, അദ്ദേഹം പിന്മാറിയില്ല.
അഹിംസ, ത്യാഗം, സഹജീവിസ്നേഹം, സഹിഷ്ണുത, മതസൗഹാർദ്ദം തുടങ്ങിയ പല മൂല്യങ്ങളുടെയും ജീവിക്കുന്ന ഉദാഹരണമായിരുന്നു ആ മഹാൻ.
ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിൽ നിന്നും ഊർജ്ജം ഉൾകൊണ്ട പലരുമുണ്ടായിരുന്നു. നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ്, സേസാർ ഷാവേസ്, ഹോ ചി മിൻ തുടങ്ങിയവർ അതിൽ ചിലർ മാത്രം.
ആ മനുഷ്യനെ ഇകഴ്ത്തിയ ചിലർ ഇന്ന് അദ്ദേഹത്തിന് വാഴ്‌ത്തുപാടുന്നു. ആ മഹിമക്ക് അവകാശം തേടുന്നു.
ആ മഹാനെ വധിച്ച ശക്തികൾ അദ്ദേഹത്തെ വീണ്ടും വീണ്ടും തെരുവീധികളിൽ വധിക്കുന്നു. അദ്ദേഹത്തെ അപമാനിക്കുന്നു. അദ്ദേഹത്തിൻ്റെ ഘാതകനായ ഗോഡ്സെയെ ആരാധിക്കുന്നു, ആഘോഷിക്കുന്നു. രാഷ്ട്രപിതാവായി പുതിയ പലരേയും ( പ്രയാണമന്ത്രി മുതൽ നാഗ്പൂരിലെ പിൻസീറ്റ് പ്രധാനമന്ത്രി വരെ) അവരോധിക്കുന്നു.
സ്വാതന്ത്ര്യം എന്ന അമൃതം നമുക്കു നേടിത്തന്ന, മഹാത്മാവ് എന്ന് ടാഗോർ വിശേഷിപ്പിച്ച, നമുക്കുവേണ്ടി ജീവൻ ത്യജിച്ച ഗാന്ധിജിയെ നാം വേണം വീണ്ടെടുക്കാൻ. . പാഠ്യപദ്ധതിയിൽ സ്വയം വീര പട്ടം ചാർത്തിയ സവർക്കറും, രാഷ്ട്രം വികലമായി നിർവ്വചിച്ച ഗോൾവാൾക്കറും ദീൻ ദയാൽ ഉപാധ്യായയും ഒക്കെ വിഹരിക്കുമ്പോൾ ഗാന്ധിജി പുറംതള്ളപ്പെട്ടേക്കാം. അങ്ങനെ വന്നാൽ വരും തലമുറക്ക് സ്വാതന്ത്ര്യ സമര ചരിത്രവും അതിൽ ഗാന്ധിജിയുടെ പങ്കും നാം വേണം പകർന്നുകൊടുക്കാൻ.
ഗാന്ധിജിയെ സ്നേഹിക്കുന്ന ഏവർക്കും ഹൃദ്യമായ ഗാന്ധി ജയന്തി ആശംസകൾ.
ആ ദേഹമേ കൊല്ലപ്പെട്ടിട്ടുള്ളൂ ആ ആത്മാവും ആശയവും ജീവിക്കുന്നു...
നമ്മളിലൂടെ!