ജ്യോതി ലാബ് ഇവിടം വിട്ടു പോയത് എന്തിനാണ്? ആന്തൂരിലെ സാജന് എന്താണ് സംഭവിച്ചത്? "വരവേൽപ്പ്" ഒരു പ്രതീകമല്ലേ?
ഒരു സംരഭം തുടങ്ങുന്നവൻ/വൾ മുതലാളി ആയി മുദ്രകുത്തപ്പെടുന്നു, അതോടെ അവൻ/അവൾ വർഗ്ഗശത്രു ആകുന്നു. ഇതിനപ്പുറം മറ്റൊന്നും വേണ്ടല്ലോ അവനെ/അവളെ പീഡിപ്പിക്കാനും നാടുകടത്താനും.
ഇനി അതുമൂലം നഷ്ടപ്പെടുന്നത് സംസ്ഥാനത്തിന് വരുമാനമായാലും ഇവിടുത്തെ ചെറുപ്പക്കാർക്ക് തൊഴിലായാലും ഇനി മറ്റെന്തുമായാലും നമുക്ക് വേണ്ടത് "വിപ്ലവം" മാത്രമാണല്ലോ. അതും സർക്കാർ ജോലി മാത്രമാണ് ജീവിതലക്ഷ്യം എന്ന് കരുതി അഭ്യസ്ഥവിദ്യർ വർഷാവർഷം ഒരാചാരം പോലെ തെരുവിൽ സമരം ചെയ്യുന്ന ഈ നാട്ടിൽ.
വ്യവസായങ്ങളോടും വ്യവസായികളോടുമുള്ള നമ്മുടെ... വിശിഷ്യാ വിപ്ലവ... തൊഴിലാളി അല്ല മുതലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ മനോഭാവം മാറേണ്ടത് അനിവാര്യമാണ്. അല്ലാതെ ഒന്നാം സ്ഥാനം മറ്റുകാര്യങ്ങളിൽ എന്നപോലെ വികസനത്തിലും ഇവിടുത്തെ ജനങ്ങളുടെ ആളോഹരി വരുമാനത്തിലും തദ്വാരാ ജീവിതനിലവാരത്തിലും നേടാൻ സാധിക്കില്ല.
അല്ല... ഇലക്ഷൻ ജയം ശരിയും തെറ്റും, നീതിയും നീതികേടും ഒക്കെ തീരുമാനിക്കുന്ന... നിയമവ്യവസ്ഥക്കും അപ്പുറം നിക്കുന്ന... ഒരു കാലത്തിലൂടെ നാം കടന്നുപോകുന്ന ഈ സമയത്ത് ഇതൊക്കെ ആരോടുപറയാൻ ആരുകേൾക്കാൻ. കിറ്റ് മാത്രമല്ലേ നമുക്ക് പ്രധാനം.
" ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം കിറ്റ്"
കിറ്റ് തരുന്നവർ ശരി. അവർ മാത്രം. ഇനി അവർ "കാട്ടുകള്ളന്മാരോ" "സ്വർണ്ണക്കത്ത്" നടത്തുന്നവരോ, "പൊട്ടിക്കുന്നവരോ" "തട്ടിക്കുന്നവരോ" ആരുമാകട്ടെ...
അല്ലേ...?
കിറ്റല്ല..അതില്ലാതെ, അതിനുകാക്കാതെ, അതിനുള്ള വക സ്വയമുണ്ടാക്കുന്ന.. നട്ടെല്ല് വളക്കാതെ സ്വന്തം കാലിൽ നിൽക്കുന്ന ഒരു ജനത.. അവരെക്കാണാൻ ഇനി അങ്ങ് കിണാശ്ശേരി വരെ പോകേണ്ടിവരും വ്യവസായ സൗഹൃദ കിണാശ്ശേരി.