മധുവിന്റെ മരണം അതു കേരളത്തിന് അപമാനമാണ്. ഒരിക്കലും ന്യായീകരിക്കാനും മറക്കാനും പറ്റാത്ത ഒന്ന്. നമ്മുടെ ഭരണ വർഗ്ഗം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പട്ടിണിയുള്ള ഒരാൾ പോലും കേരളത്തിൽ ഇല്ല എന്ന് ഉറപ്പിക്കാൻ 1000 കോടിയോളം ചിലവ് വരുമായിരിക്കും. വാങ്ങുന്ന കാശിനു നന്നായി പണിയെടുക്കുന്ന ഉദ്യോഗസ്ഥരും വേണം. ഇതിനായി ഒരു പദ്ധതി ആവിഷ്കരിക്കാനും നടപ്പിലാക്കാനും കഴിയില്ലെങ്കിൽ നമ്മെ ഭരിക്കുന്നവർ സന്യാസം സ്വീകരിക്കണം. അതിനു കഴിവുള്ള ചെറുപ്പക്കാർ മുന്നോട്ടുവരും. വിശക്കുന്നവന് ഭക്ഷണം ദാനം ചെയ്യുകയല്ല മറിച്ച് അല്ല അതു നേടാനുള്ള വഴികാണിച്ചുകൊടുക്കുകയാണ് വേണ്ടത്.
ഞാനും നിങ്ങളും അടങ്ങുന്ന "സാംസ്കാരിക കേരളം" എന്ന തലക്കെട്ടിൽ അഭിമാനിക്കുന്ന, അഹങ്കരിക്കുന്ന സമൂഹവും ചിന്തിക്കണം. സമീപകാലം വരെ, തെറ്റുകാരൻ/തെറ്റുകാരി എന്നു കരുതുന്നവരെ കൂട്ടം ചേർന്നു വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിന് അന്യമായിരുന്നു. വടക്കേ ഇന്ത്യയിലെ സംഭവങ്ങൾ കണ്ട് പഠിച്ചിട്ടെന്നോണം നമ്മളും പുറകോട്ടു നടക്കാൻ തുടങ്ങി. വീറോടെ, വാശിയോടെ.
മധുവിന് സംഭവിച്ചത് ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും വിചാരിക്കണം. സമൂഹ മാധ്യമങ്ങളിൽ ഒരു "കള്ളനെ" പിടികൂടി ശിക്ഷിക്കുന്ന ചിത്രങ്ങളും വീഡിയോയും വരുത്തി "ഹീറോ" / "ഹീറോയിൻ" ചമയുന്നവർ വിചാരിക്കണം. അതുപോലത്തെ പോസ്റ്റുകൾ ലൈക്കും ഷെയറും ചെയ്തു പ്രോത്സാഹിപ്പിക്കുന്നവർ വിചാരിക്കണം.
ഇതുപോലത്തെ ശ്രമങ്ങൾ അനുമോദിക്കുകയോ അനുവദിക്കുകയോ ചെയ്യില്ല എന്ന് നമ്മൾ പ്രതിജ്ഞ ചെയ്യണം.
അന്യന്റെ കഷ്ടപ്പാട് കണ്ടാൽ സഹായിക്കുന്ന തലത്തിൽ നിന്നും, അതു കണ്ടില്ല എന്നു വെക്കാനും, കണ്ടത് മൊബൈൽ ക്യാമറയിൽ പകർത്തി രസിക്കാനും, ഇപ്പോൾ അൽപ പ്രശസ്തിക്കുവേണ്ടി അന്യനെ കഷ്ടപ്പെടുത്തി അതു പകർത്താനും വെമ്പുന്ന അവസ്ഥയിലേക്കുള്ള നമ്മുടെ പതനം നമ്മളോരോരുത്തരേയും ഇരുത്തി ചിന്തിപ്പിക്കണം.
ഇപ്പോൾ നടന്ന സംഭവത്തെ ഓരോ കേരളീയനും അപലപിക്കണം. അതു തന്നെയാണ് ശരി. പക്ഷേ ഇതും അല്പമായ പ്രശസ്തിക്കും തുച്ഛമായ രാഷ്ട്രീയ ലാഭത്തിനും വേണ്ടി ചിലർ (പ്രശസ്തരും, സാധാരണക്കാരും, രാഷ്ട്രീയക്കാരും) ഉപയോഗിക്കുന്നത് നാം കാണുന്നു.
ഓർക്കുക ഈ സംഭവത്തെപ്പോലെ നിങ്ങളും കേരളത്തിന് അപമാനമാണ്. നിങ്ങളെ ഓർത്തു ഞങ്ങൾ ലജ്ജിക്കുന്നു.
ഇനി ഒരു മധു കൂടി ആവർത്തിക്കാതിരിക്കട്ടെ...
ഒരു മധുവും വിശന്നു വലയാതിരിക്കട്ടെ...
ഗതികേട് കൊണ്ടു മോഷ്ടിക്കാതിരിക്കട്ടെ....
ഇനി അഥവാ മോഷ്ടിച്ചാലും മൃഗങ്ങളെപ്പോലും നാണിപ്പിക്കും വിധം തച്ചു കൊല്ലപ്പെടാതിരിക്കട്ടെ....
No comments:
Post a Comment