Thursday, 21 February 2019

മാറണം ഈ മരണക്കളി

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഹീനമായ പ്രവണത സി പി എം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെരിയ ഈ കൊലപാതക രാഷ്ട്രീയ നാൾവഴിയിൽ അവസാനത്തേത് ആക്കേണ്ട ബാധ്യത മറ്റാരേക്കാളും സി പി എമ്മിനാണ്.

എതിരാളികളെ ആശയപരമായും, സംഘടനാപരമായും, ജനാധിപത്യപരമായും പരാജയപ്പെടുത്താനുള്ള ശേഷി കേരളത്തിൽ മാത്രമാണെങ്കിലും സി പി എമ്മിനുണ്ട്. അതു ഉപയോഗിക്കാതെ കായബലം കൊണ്ടും, ക്രുരവും ആസൂത്രിതവുമായ കൊലപാതകങ്ങൾ കൊണ്ടും രായഷ്ട്രീയ ലക്ഷ്യങ്ങൾ കാണാൻ ശ്രമിക്കുന്നത് ആ പാർട്ടിയുടെ ആശയ ജീർണ്ണതയിലേക്കു മാത്രമാണ് വിരൽ ചൂണ്ടുന്നത്.

അധികാരത്തിൽ ഇരുന്നുകൊണ്ട് അരാജകത്വം നടപ്പിലാക്കുന്ന ഈ രീതി വിപ്ലവ പാരമ്പര്യം ഉള്ള ഈ പ്രസ്ഥാനം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സഹജീവികളെ ക്രൂരമായും നിഷ്ടൂരമായും കൊന്നൊടുക്കുന്നത് ഏതു പ്രത്യയശാസ്ത്രം അനുസരിച്ചാണ്? പാർട്ടിയുടെ ഒരു പ്രാദേശിക ഘടകത്തിന്റെ അധ്യക്ഷൻ ഇതുപോലെ ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് എങ്ങനെയാണ്? ഒരു പുറത്താക്കലിൽ തീരുന്നതാണോ പാർട്ടിയുടെ ഉത്തരവാദിത്വം?

പാർട്ടി കമ്മീഷൻ എന്ന കണ്കെട്ടുവിദ്യ ഒഴിവാക്കി ആരോപിതനെ പുറത്താക്കാൻ (നിർബന്ധിതമായെങ്കിലും) കാണിച്ച ആർജവം മാത്രമാണ് പിൽക്കാല പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനം.

ഒരു പ്രവർത്തകൻ രാഷ്ട്രീയ വൈരാഗ്യം കൊണ്ട്‌ കൊലപാതകം നടത്തുന്ന അവസ്‌ഥ ഒരു പാർട്ടിക്ക് അതും തീർത്തും കേഡർ സ്വഭാവുള്ള ഓരോ പാർട്ടിക്ക് ചെരുന്നതാണോ?

ആഴ്ചതോറും പഠനശിബിരങ്ങളും സ്റ്റഡി ക്ലാസ്സുകളും നടത്തുന്ന ഒരു പ്രസ്ഥാനത്തിന് കേവല രാഷ്ട്രീയ മര്യാദയും, മനുഷ്യത്വവും, പ്രതിപക്ഷ ബഹുമാനവും പഠിപ്പിക്കാൻ ശേഷിയില്ല എന്നത് ഈ പ്രസ്ഥാനം നേരിടുന്ന അപചയത്തിന്റെ തെളിവാണ്.

ശബരിമല വിഷയത്തിൽ കൈക്കൊണ്ട പുരോഗമനപരമായ നിലപാട് പക്ഷെ, നിഷ്ടൂരവും, നീചവും, നികൃഷ്ടവുമായ ഈ 'പതിവ്' നിർത്തലാക്കാൻ കാണിക്കാത്തത് ലജ്ജാവാഹമാണ്.

ഒതുങ്ങി ഒതുങ്ങി കേരളത്തിൽ മാത്രം ഭരണമുള്ള ഈ മഹത് പ്രസ്ഥാനം, പൂർണമായും അവസാനിക്കാതിരിക്കണമെങ്കിൽ ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ അവസാനിപ്പിക്കണം. അതിനുള്ള ശേഷിയും, ശേമുഷിയും, നിശ്ചയദാർഢ്യവും അതിനെല്ലാമുപരി മാനുഷിക മൂല്യങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ലാഭങ്ങൾക്കും മുകളിൽ ഉയർത്തിപ്പിടിക്കാനുള്ള മനസ്സും ഈ പാർട്ടി കാണിക്കുമെന്നു പ്രത്യാശിക്കാം.

No comments:

Post a Comment

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...