ധാർഷ്ട്യം എന്ന പശുവിനെ ശബരിമല വിഷയത്തിലെ നിലപാടിന്റെ മറവിൽ നവോദ്ധാനം എന്ന തെങ്ങിൽ പിടിച്ചുകെട്ടി അതിനെപ്പറ്റി പത്തു വാക്കും പറഞ്ഞു രക്ഷപ്പെടാം എന്നു കരുത്തിയതാ മുഖ്യൻ. അപ്പോഴാണ് ഒരു കേന്ദ്ര കമ്മിറ്റി. എന്തായാലും ആ നിലപാടിൽ വെള്ളം ചേർത്തു നേർപ്പിക്കാതെ വയ്യ. അല്ല... വോട്ടണല്ലോ പ്രധാനം. അതില്ലാതെ വെറുതേ നവോദ്ധാനവും സ്ത്രീ ശാക്തീകരണവും പ്രസംഗിച്ചു നടന്നിട്ട് എന്തു കാര്യം. ബംഗാളിലെയും ത്രിപുരയിലേയും അവസ്ഥ വരും എന്ന് പേടിച്ചിട്ടാവും. അല്ല, അവിടെയും ഇതൊക്കെത്തന്നെയായിരുന്നല്ലോ കാരണം.
കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ അവരുടെ വിശ്വാസത്തിൽ തൊട്ടു കളിച്ചപ്പോൾ ഒന്നു പേടിപ്പിച്ചു വിട്ടതേയുള്ളൂ, അവിടെതീർന്നു നിലപാടിലെ കാർക്കശ്യം.
ബി ജെ പി പ്രതിനിധാനം ചെയ്യുന്ന ഭിന്നിപ്പിക്കലിന്റേയും, മതവികാരത്തിന്റെയും, അതി ദേശീയതയുടെയും രാഷ്ട്രീയത്തെ നഘശിഖാന്തം എതിർക്കുന്ന ഒരാൾ എന്ന നിലയിലും ഒരു സാധാരണ കേരളീയൻ എന്ന നിലയിലും സി പി എം അല്ലെങ്കിൽ ഇടതുപക്ഷം എന്നത് ഉന്മൂലനം ചയ്യപ്പെടേണ്ട ഒന്നല്ല എന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്.
അതിനു പലകാരണങ്ങളുണ്ട്. ഒന്നു ചത്താൽ മറ്റൊന്നിന് വളമാവും എന്നു പറയുന്നത്പോലെ സി പി എം ന്റെ ക്ഷീണം ബി ജെ പി യെ സഹായിക്കും. അതു കേരളത്തിന് അത്യാപത്താണ്.
കേരളം ഇന്ന് രാജ്യത്തിലെ ഏറ്റവും മികച്ച സംസ്ഥാനം ആയതിനു പിന്നിൽ ഇടതുപക്ഷവും പ്രവർത്തിച്ചിട്ടുണ്ട്. അതിനു പാതി ഉത്തരവാദികളും അവരാണ്.
കേരളത്തിൽ മാത്രമല്ല രാജ്യമൊട്ടുക്കും ശക്തിയുള്ള ഇടതുപക്ഷം ഈ രാജ്യത്തിനു ഇന്ന് ആവശ്യമാണ്. ഭരണം ഇല്ലെങ്കിലും ഒരു തിരുത്തൽ ശക്തിയായി അവർക്ക് നിൽക്കാൻ സാധിക്കും. ഇതിനു മുൻപ് സാധിച്ചിട്ടുണ്ട്.
ഇന്നത്തെ അവസ്ഥ അതല്ല. ഒരു സംസ്ഥാനത്തിലും പിന്നെ ചെറിയ ചില കേന്ദ്രങ്ങളിലും മാത്രമായി ഇടതുപക്ഷം ചുരുങ്ങി. അതിനു കാരണം പാർട്ടി ഓഫീസിലെ കാറ്റാണ് നാടൊട്ടുക്കും വീശുന്നത് എന്ന തെറ്റിദ്ധാരണയാണ്.
ജനങ്ങളുടെ ഇടയിൽ അവരിലൊരാളായി പ്രവർത്തിച്ചിരുന്ന നേതാക്കൾ അവർക്കുണ്ടായിരുന്നു. ഇന്ന് അവർ ഇന്നോവ കാറിലേക്കും ഏ സി മുറികളിലേക്കും ചുരുങ്ങി. ചുരുക്കം ചിലരുടെ ചിന്തയാണ് പാർട്ടികളെ അല്ലെങ്കിൽ നാടിനെ നയിക്കുന്നത് എന്ന വിശാസത്തിൽ എത്തി.
കീഴ്ഘടകങ്ങളുടെയും, സാധാരണ പ്രവർത്തകന്റെയും ശബ്ദം അടച്ചിട്ട ഏ സി മുറികളിലും കാറിനുള്ളിലും എത്താതായി.
പത്രപ്രവർത്തകരോടും, എതിർ സ്ഥാനാർത്ഥികളോടും എന്തിന് സാധാരണക്കാരോടും ഉള്ള അവരുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതായി.
ജ്യോതി ബസുവിനെ പ്രധാന മന്ത്രിയാക്കാത്തതും, രണ്ടാം യു പി ഏ സർക്കാരിനെ പിന്തുണക്കാത്തതും പോലെ ചരിത്രപരമായ മണ്ടത്തരങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ രീതിയിൽ നിന്ന് മാറി, മാറിയ രാഷ്ട്രീയ സാഹചര്യത്തെ ഉൾക്കൊള്ളാനും, അതിനനുസരിച്ച് കാലികമായ പരിണാമം വരുത്താനും ജനങ്ങളോട് ചേർന്നു പ്രവർത്തിക്കാനും സി പി എമ്മിനും ഇടതുപക്ഷത്തിനും സാധിച്ചില്ലെങ്കിൽ കേരളം മറ്റൊരു ത്രിപുരയോ ബംഗാളോ ആവാൻ അധികം താമസമില്ല.
താത്വിക അവലോകനത്തിലൂടെ ആണെങ്കിലും പയോഗിക ചിന്തയിലൂടെ ആണെങ്കിലും അങ്ങനെ മാറാൻ അവർക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. അതിനു വേണ്ടി (അവരെക്കൊണ്ട് പരസ്യമായി പറ്റാത്തതിനാൽ) പ്രാർത്ഥിക്കുന്നു.
No comments:
Post a Comment