Friday, 10 September 2021

നാർക്കോടിക് ജിഹാദ് - ഒരു വെടിക്ക് നാലഞ്ചു പക്ഷി...

നാർക്കോടിക് ജിഹാദ് എന്ന പ്രസ്താവനകൊണ്ട് ആ മഹാൻ ഉദ്ദേശിച്ചത് എന്തായിരിക്കും? ഒന്നല്ല പലതാണ് ഉദ്ദേശം എന്നാണ് എൻ്റെ എളിയ വീക്ഷണം.

പക്ഷി ഒന്ന്

തന്നെക്കുറിച്ചോ കൂടെയുള്ള പൗരോഹിതസമൂഹത്തേക്കുറിച്ചോ അവരുടെ ചെയ്തികളുടെ നന്മതിന്മകളെക്കുറിച്ചോ കുഞ്ഞാടുകൾ ചിന്തിക്കരുത്. അതിന് അവരുടെ ശ്രദ്ധ എപ്പോഴും ഒരു വൈരി/ ഭീഷണിയിൽ കേന്ദ്രീകരിച്ച് നിർത്തണം. അങ്ങ് പാകിസ്താനിൽ ഇന്ത്യയേയും ഇവിടുത്തെ ഇപ്പോഴത്തെ ഭരണകൂടം തരാതരം പോലെ പാകിസ്താനെയും വിശിഷ്യാ മുസ്ലീം മതവിഭാഗത്തേയും ചൂണ്ടിക്കാണിച്ച് സാധാരണ പൗരൻ്റെ ശ്രദ്ധ തിരിക്കുന്നത് പോലെ.

ലൗ ജിഹാദികൾ എന്നൊക്കെ ആരോപിച്ച് ഇവിടെയും മുസ്ലീം വിഭാഗത്തെ നീരാളിവൽക്കരിച്ച് വച്ചിരിക്കുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമാണ്. 

പക്ഷി രണ്ട്

ഇത്തരം ചെയ്തികൾ കൊണ്ട് മുസ്ലീം വിരോധം വിതച്ച് അധികാരം കൊയ്യുന്ന കേന്ദ്രത്തിലെ പുങ്കവന്മാരുടെ പ്രീതിയും തദ്വാരാ സമുദായാംഗങ്ങൾക്ക് നേട്ടവും വന്നുഭവിക്കാം. സമുദായത്തിന് ഒരു കേന്ദ്രമന്ത്രിയെ കിട്ടിയാൽ പുളിക്കുമോ (ഉടുപ്പും തയ്‌പ്പിച്ച് ഇരിക്കത്തേയുള്ളൂ എന്ന് അങ്ങേത്തലക്കൽ ആത്മഗതം)

കേന്ദ്ര സംസ്ഥാന സർക്കാരുകളെ നയിക്കുന്ന പാർട്ടികൾക്ക് അവരുടെ തുച്ഛമായ രാഷ്ട്രീയ നേട്ടത്തിന് മുസ്ലീം വിഭാഗത്തെ അടിക്കാനുള്ള വടി വെട്ടിക്കൊടുക്കുകവഴി അവരിൽ നിന്നും ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കാം. 

പക്ഷി മൂന്ന്

പ്രശസ്തി. അല്ല... അത് ആഗ്രഹിക്കാത്തത് ആരാണ്?! പണ്ടുള്ള പുരോഹിതന്മാർ സമൂഹത്തിന് ഉപകാരമുള്ള കാര്യങ്ങൾ ചെയ്ത് സഭയെ നല്ലരീതിയിൽ നയിച്ചു നേടിയ പ്രശസ്തി വെറും അധരവ്യായാമത്തിലൂടെ നേടിയെടുക്കുക. വിവാദങ്ങൾ സൃഷ്ടിച്ചു കിട്ടുന്ന നെഗറ്റീവ് പബ്ലിസിറ്റി  ആയാലുമെന്താ.."എൻ്റെ തല എൻ്റ ഫുൾ ഫിഗർ" എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കണം. അതിന് ഇത്തരം വാക്കുകൾ ഉതകും.

പക്ഷി നാല്

സഭക്കുള്ളിൽ സ്ത്രീകളെ ഇത്തരം ഭീഷണികാണിച്ച് ഭയച്ചകിതരാക്കി സമ്പൂർണ്ണ പുരുഷാധിപത്യം സാധ്യമാക്കാം. സ്ത്രീകൾ, വിശിഷ്യാ പെൺകുട്ടികൾ "ഇതര മതക്കരാൽ" പ്രേമ-മയക്കുമരുന്ന് ജിഹാദിൽ വ്യാപകമായി പെടുത്തപ്പെട്ടുപോകുന്നു എന്ന് വരുത്തിത്തീർക്കാൻ പെടുന്ന ഈ പാടുകണ്ടിട്ട് ഇതൊരു പ്രധാന ലക്ഷ്യമായി തോന്നുന്നു. 

പക്ഷി അഞ്ച്

ന്യൂനപക്ഷ വിഭാഗങ്ങളിൽ ജനസംഖ്യാ ശക്തിയുള്ള വിഭാഗമായി വർത്തിക്കുന്നത് വഴി നേട്ടങ്ങൾ ഒട്ടൊന്നുമല്ല. സ്വത്ത് സമ്പത്ത് തുടങ്ങിയ മോഹങ്ങളോക്കെ വ്യക്തികൾക്ക് മാത്രമല്ലല്ലോ സഭകൾക്കും പരമപ്രധാനമല്ലേ? അതിന് ഇപ്പോൾ മുന്നിൽ നിൽക്കുന്നവരെ എങ്ങനെയെങ്കിലും പിന്നിലാക്കണം. ലൗ, നാർക്കോട്ടിക് എന്നല്ല അറിയാവുന്ന എല്ലാ പദത്തിന് പിന്നാലെയും "ജിഹാദ്" വെച്ചുകെട്ടി അവരെ മുൾമുനയിൽ നിർത്തണം. 

പൊറോട്ട ജിഹാദ്, അത്തർ ജിഹാദ് എന്നൊക്കെ വരും ദിവസങ്ങളിൽ കേട്ടാൽ  അത്ഭുതപ്പെടണ്ട. ഇനി വാക്കുകൾ തീർന്നാൽ നമുക്ക് ഒരു ഒന്നുമില്ലാ ജിഹാദ് ആരോപിക്കാം അല്ലേ?! ശൂന്യതാ ജിഹാദ്!!

നട്ടാൽ കിളിർക്കാത്ത "നാർക്കോട്ടിക്ക് ജിഹാദ്" പോലത്തെ കേട്ടുകേൾവി പോലും ഇല്ലാത്തതും വസ്തുതകളുടെ പിന്തുണ ഇല്ലാത്തതുമായ ഇത്തരം ഉദ്ബോധനം ഇന്നാട്ടിലെ വിശ്വാസികളിൽ പലരും വിശ്വസിക്കും അല്ല...പറയുന്നത് വലിയ ഇടയനാണല്ലോ... മതവിഭാഗങ്ങൾക്കിടയിലുള്ള സ്പർദ്ധ വർദ്ധിക്കും. തമ്മിലടിച്ചു കുറച്ചെണ്ണം തീർന്നാലും അപര വിഭാഗത്തെ പേടിച്ച് കുഞ്ഞാടുകൾ അവരെത്തന്നെ നോക്കിയിരിക്കും. മറ്റു നേട്ടങ്ങൾ ബോണസ്.. എന്താല്ലേ?!

പ്രബുദ്ധകേരളത്തിലെ ഭരണവർഗ്ഗം പോലും ഭരണത്തുടർച്ച ഉറപ്പാക്കാൻ ഉപയോഗിച്ച തന്ത്രങ്ങളിൽ ഈ സ്പർദ്ധ പ്രധാനമാണ് എന്നിരിക്കെ,
വകതിരിവുള്ള ഇന്നാട്ടിലെ ജനങ്ങൾ സ്വബുദ്ധി ഉപയോഗിച്ചാൽ അവർക്കും മറ്റുള്ളവർക്കും ജീവിക്കാം സ്വസ്ഥമായി...സമാധാനമായി... അല്ലെങ്കിൽ കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയം ആക്കിയെടുക്കാം. തമ്മിൽ വെട്ടിയും കുത്തിയും വെടിവെച്ചും ഒടുങ്ങാം.

പ്രബുദ്ധ കേരളം പോലും..

ജാതി മത വർഗ്ഗ താൽപര്യങ്ങൾക്കതീതമായി ചിന്തിക്കുന്ന ഒരു സമൂഹമാവണം നാം. അതിന് വരുംതലമുറയെങ്കിലും  സ്വതന്ത്രമായി ചിന്തിക്കണം. തൻ്റെ ശരിതെറ്റുകൾ സ്വയം തീരുമാനിക്കണം. നമ്മുടെ കുട്ടികളെ നമുക്ക് അങ്ങനെ വളർത്താം.

അവർ പഠിക്കട്ടെ മതപാഠവും പുരാതന ഭാഷയും ഇതിഹാസ പുരാണങ്ങളും ഉത്ബോധനവും മാത്രമല്ല...ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, പ്രായോഗിക പാഠങ്ങൾ, ജീവനോപാധിക്കുതകുന്ന മറ്റെന്തും.

എന്ത് ചിന്തിക്കണമെന്നും എന്തിന് ചിന്തിക്കണമെന്നും പഠിപ്പിക്കാതെ എങ്ങനെ ചിന്തിക്കണം എന്ന്  നമുക്കവരെ പഠിപ്പിക്കാം. 

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാണിടുന്ന മാതൃകാ സ്ഥാനമാണിത്  എന്നുപറയുമ്പോൾ കണ്ണ് താഴാതെ നോക്കാം...നെഞ്ച് വിരിച്ച് തലയുയർത്തി നടക്കാം.

അപ്പോഴാണ്... അപ്പോൾ മാത്രമാണ് നമ്മൾ നമ്മൾ ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പേരിന് അർഹരാകുന്നത്. 

No comments:

Post a Comment

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...