Sunday, 14 December 2025

തദ്ദേശം 2025 - കമ്മ്യൂണിസവും കമ്യൂണലിസവും

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഒരു പഴഞ്ചൊല്ലാണ് "മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി" (പഴഞ്ചൊല്ലാണ് പൊളിറ്റിക്കൽ കറക്ട്‌നസ് നോക്കണ്ട).

ഫലം വന്നപ്പോൾ എല്ലാ കോൺഗ്രസ്സ് അനുഭാവികളെയും പോലെ ഞാനും സന്തോഷിച്ചു. പക്ഷേ ശരിക്കും സന്തോഷിക്കാൻ വകയുണ്ടോ? ഒന്ന് അപഗ്രഥിച്ച് നോക്കിയാലോ?

ജയമോ തോൽവിയോ?

ഈ ഫലം യുഡിഎഫ് ജയമല്ല. മറിച്ച് സിപിഎം തോൽവിയാണ്. പിണറായി വിജയനെ, സിപിഎമ്മിനെ (എൽഡിഎഫിനെ അല്ല) തോൽപ്പിക്കാനാണ് ജനം വോട്ട് ചെയ്തത്. അതിന് ജയസാധ്യതയുള്ളവരെ അവർ ജയിപ്പിച്ചു. അതാണ് തിരുവനന്തപുരവും തൃപ്പൂണിത്തുറയും, പാലക്കാടും തെളിയിക്കുന്നത്. (ഇതിനെപ്പറ്റി വിശദമായി മറ്റൊരു തലക്കെട്ടിൽ)

എന്തിന് തോൽപ്പിക്കണം?

വർഗ്ഗീയത ശരാശരി മലയാളിക്ക് ദഹിക്കില്ല. നമ്മുടെ കൂട്ടുകാരായ, സഹപാഠികളായ, അയൽക്കാരായ ഒരു ജനതയെ, തെളിച്ചുപറഞ്ഞാൽ മുസ്ലീങ്ങളെ പൈശാചികവൽക്കരിച്ച് അവർക്കെതിരായി ക്രിസ്ത്യൻ ഹിന്ദു ഏകീകരണവും തദ്വാരാ വോട്ടുകളും പ്രതീക്ഷിച്ച് സിപിഎം നടത്തിയ തരംതാണ പ്രചാരണവേല ജനം നിരസിച്ചു.

നമ്മുടെ സഹോദരീസഹോദരന്മാരെ വെറുക്കാനാണ് അവർ നമ്മോട് പറഞ്ഞത് എന്ന് ഓരോ മലയാളിക്കും മനസ്സിലായി. വോട്ടിംഗ് പാറ്റേൺ കണ്ടാൽ ജാതിമത ഭേദമന്യേ, ഗ്രാമ നഗര ഭേദമന്യേ, മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും, മലബാറിലും, മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും ജനം സിപിഎമ്മിന് എതിരായി വോട്ടുചെയ്തു.

ജമാ അത്ത് എ ഇസ്‌ലാമി എന്നത് മുസ്ലീങ്ങളെ അപഹസിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. അല്ലെങ്കിൽ കേരളത്തിൽ ഒരു ശതമാനം പോലും വോട്ടില്ലാത ഈ സംഘടനയെ എന്തിനിത്ര ഭർസ്സിക്കണം?

മലപ്പുറത്തെ ഒട്ടാകെ മുഖ്യമന്ത്രി നേരിട്ട് അപമാനിച്ചത് നമ്മളാരും മറന്നിട്ടില്ല. പഴി പി ആർ ഏജൻസിക്ക് ആണെങ്കിലും അരിയാഹാരം കഴിക്കുന്ന നമുക്ക് ഉദ്ദേശ്യം പിടികിട്ടി. നാഴികയ്ക്ക് നാൽപ്പതുവട്ടം മുസ്ലീം വിരുദ്ധത പറയുന്ന വെള്ളാപ്പള്ളി നടേശനെ പ്രകീർത്തിച്ചും, എഴുന്നള്ളിച്ചും, അനുമോദിച്ചും, ആദരിച്ചും, ആശംസിച്ചും മുഖ്യമന്ത്രി നേരിട്ട് മുസ്ലീം വിരോധം വെള്ളവും വളവും കൊടുത്ത് വളർത്തുകയായിരുന്നു. വിട്ടുപോയ ഈഴവ വോട്ടുകൾ (ലോകസഭാ തോൽവി ശീതീകരിച്ച മുറിയിൽ പിസ്തയും ബദാമും അണ്ടിപ്പരിപ്പും സ്പാർക്‌ലിങ് വാട്ടറും കഴിച്ചിരുന്ന് അപഗ്രഥിച്ച് കണ്ടെത്തിയ പ്രകാരം)  തിരിച്ചുപിടിക്കാനുള്ള തത്ത്രപ്പാടിലായിരുന്നു കരണഭൂതനും ഭൂതഗണങ്ങളും ഭൂതപ്പാട്ടുകാരും.

ഇത് മുസ്ലീങ്ങളെ അവരിൽ നിന്നും അകറ്റി, ഒരുപക്ഷേ എന്നെന്നേക്കുമായി. പക്ഷേ ഓരോ സാധാരണ മലയാളിയും ഇതിൽ തങ്ങൾ ഭാഗഭാക്കാകില്ല എന്ന് തീരുമാനിച്ചു എന്ന് വേണം നാം അനുമാനിക്കാൻ.

ഭരണ വിരുദ്ധ വികാരം

9 വർഷത്തെ ഭരണം ജനങ്ങൾക്ക് മടുത്തു. അത് സംസ്ഥാനത്തും ത്രിതല പഞ്ചായത്തുകളിലും ഒരേപോലെ വന്നപ്പോൾ എതിർപ്പ് ഇരട്ടിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും, കഴിവുകേടും കൊടികുത്തിവാഴുന്ന ഭരണവും കൂടിയാവുമ്പോൾ ജനം പ്രതികരിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് സംഭവങ്ങളും പൊതുവിൽ പൊതു ആരോഗ്യ രംഗം തകർന്നതും, ആഭ്യന്തരം സംഘപരിവാറിന് അടിയറവ് വച്ചതും വിദ്യാഭ്യാസത്തെ ആർഎസ്എസിൻ്റെ തൊഴുത്തിൽ കെട്ടിയതും മലയാളിക്ക് ക്ഷമിക്കാൻ പറ്റാവതല്ലല്ലോ.
സംഘപരിവാർ!

വാ തുറന്നാൽ സംഘപരിവാർ വിരോധം വിളമ്പുകയും എന്നാൽ പ്രവൃത്തിയിൽ സംഘപരിവാർ ആശയങ്ങളെ (തങ്ങളുടെ ലാഭത്തിനുവേണ്ടി) പിൻപറ്റി നിൽക്കുകയും ചെയ്യുകയാണ് സിപിഎം എന്ന് അവർ തെളിയിച്ചുകൊണ്ടേ ഇരുന്നു. പിഎം ശ്രീയും കുഴൽപ്പണ കേസ്സും തൊഴിൽ നിയമത്തിന് സീക്രട്ട് പിന്തുണയും അത് ജനമനസ്സിൽ ഊട്ടി ഉറപ്പിച്ചു. കേരള മനസ്സിന് സംഘ പരിവാര രാഷ്ട്രീയത്തെ പുൽകാൻ ഒരിക്കലും ആവില്ലല്ലോ.

ശബരിമല വിശ്വാസ കൊള്ള

ശബരിമലയിലെ വർഷങ്ങളായുള്ള സ്വർണ്ണക്കൊള്ള - അല്ല - വിശ്വാസമൂല്യത്തിന് സ്വർണ്ണം അടിച്ചുമാറ്റിത് സ്വർണക്കൊള്ളയല്ല വിശ്വാസക്കൊള്ളയേ ആവൂ. ഈ സംഭവത്തിൽ പാർട്ടിക്കാർ അറസ്റ്റിലായിട്ടും അവരെ നാണമില്ലാതെ സംരക്ഷിക്കുകയും അതിന് സമാന്യബോധത്തിന് നിരക്കാത്ത കാര്യങ്ങൾ നിരത്തുകയും ചെയ്ത പാർട്ടിയെ എങ്ങിനെ ജനം പിന്തുണക്കും?  ഇതൊന്നും പോരാഞ്ഞ് ആ ആരോപണം മറ്റുള്ളവർക്കുമേൽ കെട്ടിവെക്കുകയും ചെയ്താൽ? അയ്യപ്പനെ തൊട്ടുകളിച്ചാൽ അതിൻറെ ഫലം അതി തീവ്രമാവും എന്ന് ഇതിന് മുൻപും അറിഞ്ഞിട്ടും ഈ കൊള്ള തുടർന്നവർ അതിനുള്ള പിൻതുണ മുകളിൽ കണ്ടിരുന്നു എന്ന് ഏതു സാധാരണക്കാർക്കും മനസ്സിലാവും, മനസ്സിലായി.

പ്രചാരണ തന്ത്രം

ശബരിമല വിശ്വാസക്കൊള്ളയും മറ്റ് വിഷയങ്ങളും മറയ്ക്കാൻ സിപിഎം കണ്ടെത്തിയ വഴി മാങ്കൂട്ടത്തിൻ്റെ സ്വഭാവ വൈകൃതമായിരുന്നു. അയാൾക്കെതിരെ കോൺഗ്രസ്സ് നടപടി എടുത്തതും അത് ഒരു വ്യക്തിയുടെ മാത്രം തെറ്റായി, സ്വഭാവദൂഷ്യമായി ജനം കണ്ടതും സിപിഎം മനസ്സിലാക്കിയില്ല. അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണം, ഈ കേസിലെ നടപടികൾ കൃത്യമായി തിരഞ്ഞെടുപ്പിനുവേണ്ടി കാത്തു വച്ചത് എല്ലാം ജനം മനസ്സിലാക്കി. സ്വന്തം പാർട്ടിയിൽ സമാന കേസ്സുകൾ നേരിടുന്ന പലർ ഉണ്ടായിട്ടും മന്ത്രിസഭയിലെ പലരും അത്തരം കേസിൽ പെട്ടവർ ആയിട്ടും അതിൽ മാത്രം കേന്ദ്രീകരിച്ചത് പാർട്ടിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയാൻ കാരണമായി. വോട്ടെടുപ്പ് ദിവസം പോലും മുഖ്യന് അതുതന്നെ പറഞ്ഞതും കുറച്ചൊന്നുമല്ല സിപിഎമ്മിൻ്റെ ബലഹീനത വെളിവാക്കിയത്. പൊതുജനം കഴുതയല്ലല്ലോ?

അപ്പോൾ കോൺഗ്രസ്സ്? യുഡിഎഫ്?

കോൺഗ്രസ്സും യുഡിഎഫും നന്നയി പരിശ്രമിച്ചു. ഒരു Viable Alternative ആയി ജനങ്ങൾക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ജനം അവർക്ക് വോട്ട് ചെയ്തത്.

കോൺഗ്രസ്സ് ഇക്കുറി മികച്ച തയ്യാറെടുപ്പ് നടത്തി. ഒത്തൊരുമയുള്ള ഒരു ടീം ആയി കോൺഗ്രസ്സും യുഡിഎഫും കാണപ്പെട്ടു. തിരുവനന്തപുരത്തെ ശബരീനാഥൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചു. അതിൽക്കൂടി നേടിയ മുൻകൈ വിട്ടുകളഞ്ഞതേ ഇല്ല. മറ്റിടങ്ങളിലും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും വിമതശല്യം പരമാവധി നിയന്ത്രിച്ചതും നേട്ടമായി. സിപിഎമ്മിന് വിപരീതമായി എല്ലാവരെയും ഒരുമിച്ച് കാണുന്ന രാഷ്ട്രീയം പറഞ്ഞത് ജനങ്ങളെ കൂടുതൽ അടുപ്പിച്ചു. വിശിഷ്യാ ക്രിസ്ത്യൻ വിഭാഗങ്ങൾ ബിജെപിയുടെ പൊള്ളത്തരവും ഇരട്ടത്താപ്പും മനസ്സിലാക്കി കോൺഗ്രസിലേക്ക് മടങ്ങി വന്നു. നന്നായി തയാറാക്കിയ പ്രകടന പത്രികയും മുതൽക്കൂട്ടായി


ബിജെപി

പലരും പറയുന്നത്ര മുന്നേറ്റം ബിജെപി ഉണ്ടാക്കിയില്ല. നേട്ടമുണ്ടായി എന്നത് ശരിയാണ്. സവർണ്ണ ഹിന്ദു വോട്ടുകൾ അതായത് വർമ്മ, നമ്പൂതിരി, നായർ, അയ്യർ തുടങ്ങിയവരും കൊങ്ങിണി, തുളു സംസരിക്കുന്നവരും ബിജെപിയെ വിശ്വസിക്കുന്നു. അത് തൃപ്പൂണിത്തുറയിൽ വ്യക്തമാണ്. പാലക്കാട്ടും തിരുവനന്തപുരത്തും മറിച്ചല്ല സ്ഥിതി. പിന്നെ നഗര വോട്ടുകളും. ഇതുരണ്ടും ചേർന്നുവരുന്നിടത്ത് അവർക്ക് വിജയിക്കാനായി.പിന്നെ സിപിഎം പറഞ്ഞ വർഗ്ഗീയത വിശ്വസിച്ചവർ ബിജെപിയെ പുൽകി. അതായത് മുസ്ലീം വിരോധം ആണ് വിഷയമെങ്കിൽ സിപിഎം അല്ല ബിജെപി ആണ് നല്ല മരുന്ന് എന്ന് അവർ തീരുമാനിച്ചു.

കമ്മ്യൂണലിസത്തിൽ നിന്നും കമ്മ്യൂണിസത്തിലേക്ക് സിപിഎം മാറാതെ, പിണറായി എന്ന ഏകാധിപതിയുടെ നീരാളിപ്പിടിത്തത്തിൽ നിന്നും ഈ പാർട്ടി രക്ഷപെടാതെ സിപിഎം നിലനിൽക്കില്ല. ഉറപ്പ്. അതല്ല കേരളത്തിന് അഭികാമ്യം. സിപിഎം തുടരുന്നതാണ്. കൊള്ളാവുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയായി. 

No comments:

Post a Comment

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...